Saturday, March 6, 2010

നഗ്ന കവിത -കോഴികളുടെ പ്രാര്‍ത്ഥന

സമസ്ത ലോക
കോഴി ഫെടരേഷന്‍
ദൈവത്തോട്
പ്രാര്‍ത്ഥിച്ചു
നാല് കാലും
രണ്ടു കാലുമുള്ള
എല്ലാ കുറുക്കന്മാര്‍ക്കും
അര്‍ശസ്സ് നല്‍കേണമേ .
കോഴിക്കരിയില്ലാത്ത ചോറ്
ദൈവം ദൂരേക്ക്‌ വലിച്ചെറിഞ്ഞു .

Sunday, January 31, 2010

നഗ്നകവിത-തോട്ടം

നേരം വെളുക്കുന്നതെയുള്ളു
കവിതയുടെ തോട്ടത്തിലേക്ക്
മരങ്ങള്‍ വന്നു .

ചെന്തെങ്ങ്
മൂവാണ്ടന്‍ മാവ്
വരിക്കപ്ലാവ്‌
വാളന്‍പുളിമരം.

വന്നവര്‍ നിന്നവരെ
ഇല്ലാവേരറുത്ത് പുറത്താക്കി.

ഒലിവ്
ഈന്തപ്പന
പീച്
പോപ്ലര്‍..

നേരം കറുക്കുന്നതേയുള്ളു.

നഗ്നകവിത-മധുര

കേവല യുക്തിവാദിയോടൊപ്പം
മധുര കാണാന്‍ പോകരുത്
ചന്ത,തെരുവ്
ഗ്രന്ഥശാല
എല്ലാം അയാള്‍ കാട്ടിത്തരും.

എനിക്ക് കാണേണ്ടതോ?
മീനാക്ഷി ക്ഷേത്രം.

മനുഷ്യനിര്‍മ്മിത ശില്‍പങ്ങളുടെ
ഉത്സവപറമ്പു.

നഗ്നകവിത-സ്ത്രീ

ബസ്സില്‍
പ്രത്യേകം സീറ്റ് .
ഉത്സവപറമ്പില്‍
വടത്തിനപ്പുറം.
പള്ളിയില്‍ കാണാമറയത്ത്.
മതപ്രസംഗസ്തലത്ത്
സാരി മറക്കുള്ളില്‍

പിതാവും പുത്രനും
ആങ്ങളയും കാമുകനുമൊത്ത്
ളഇവേല്ക്കുന്നതെവിടെ?

ഒരേഒരിടം
എല്ലാരുമെത്തുന്നിടം
ശ്മശാനം.







നഗ്നകവിത-പ്രസിദ്ധി

കഴിച്ച മദ്യം
മുപ്പതു മില്ലീലിറ്റര്‍.
അതിന്റെ കുപ്രസിദ്ധി
മൂവായിരം
കിലോമീറ്റര്‍

നഗ്നകവിത-രാത്രിയാത്ര

വെമ്പായം
വെഞ്ഞാറമൂട്
കിളിമാനൂര്‍
ആയൂര്‍
റോഡുവിള
കരിങ്ങന്നൂര്‍

എല്ലായിടവും
പാലപൂത്തിരിക്കുന്നു.
കാമമോഹിതമായ
പൂമണമേറ്റുള്ള
ഈ രാത്രിയാത്രയില്‍
യക്ഷികളെ കണ്ടതേയില്ല.

യക്ഷികള്‍ക്ക്
വംശനാശം.

നഗ്നകവിത-തപാല്‍മുദ്ര

ഗോഡ്സെക്കു
പോസ്ടോഫീസില്‍
ജോലികിട്ടി.

മൂപ്പര്
ആഹ്ലാദഭരിതനാണ്.

ഓരോ ദിവസവും
ഭാരിച്ച ലോഹമുദ്ര കൊണ്ട്
ഗാന്ധിയെ.......