Saturday, May 9, 2009

സുബ്രഹ്മണ്യഭാരതിയുടെസ്ത്രീ വിമോചന രേഖകൾ

മഹാകവി കുമാരന്‍ ആശാന്‍ സവര്‍ണ്ണ യുവതിയുടെയും അവർണ്ണയുവാവിന്റെയും വിവാഹം സഫലമാക്കിയ ദുരവസ്ഥയുടെ പിറവിക്കാലത്തിനു മുൻപു തന്നെ സ്വന്തം അഭിപ്രായങ്ങൾ കവിതയിലൂടെയും കഥകളിലൂടെയും കുറിപ്പുകളിലൂടെയും പ്രകാശിപ്പിച്ചതിനു ശേഷം ദേശീയകവിയായ സുബ്രഹ്മണ്യ ഭാരതി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു സ്ത്രീകൾ പതിവ്രതകളായിരിക്കണമെങ്കിൽ പുരുഷന്മാർ ലൈംഗിക സദാചാരം പുലർത്തണമെന്ന്‌ യുവാവായ സുബ്രഹ്മണ്യ ഭാരതി അഭിപ്രായപ്പെട്ടു. തന്റെ പതിനാലാമത്തെ വയസ്സിൽ,ഒറ്റ അക്കം മാത്രം വയസ്സുണ്ടായിരുന്ന ഒരു ബാലികയെ മംഗലം ചെയ്യേണ്ടി വന്ന അനുഭവസ്ഥനായിരുന്നു അദ്ദേഹം.ബാലികാബാലന്മാർക്കു ദാമ്പത്യ ജീവിതം പ്രദാനം ചെയ്യുക എന്ന അപക്വവും അപരിഷ്‌ കൃതവുമായ ദുഷ്‌ കൃത്യത്തിനു മതങ്ങളുടെ പച്ചക്കൊടി പണ്ടേ ഉണ്ടല്ലൊ.
പതിവ്രതകളുടെ ഒരു കണക്ക്‌ പുരുഷനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട്‌ ഒരിക്കൽ സുബ്രഹ്മണ്യ ഭാരതി അവതരിപ്പിച്ചു.ഒരു പട്ടണത്തിൽ ലക്ഷം ജനങ്ങൾ ഉണ്ടെന്നു കരുതുക.അൻപതിനായിരം ആണുങ്ങളും അൻപതിനായിരം പെണ്ണുങ്ങളും. ഇവരിൽ നാൽപത്തയ്യായിരം പുരുഷന്മാർ പരസ്ത്രീകളെ ഇഛിക്കുന്നു എന്ന്‌ വയ്ക്കുക.അപ്പോൾ കുറഞ്ഞ പക്ഷം നാൽപത്തയ്യയിരം സ്ത്രീകൾ പരപുരുഷന്മാരുടെ ദുരാഗ്രഹത്തിനു വിധേയരാകണമെന്നു വരുന്നു.ഇക്കൂട്ടത്തിൽ ഇരുപതിനായിരം പുരുഷന്മാർ അവരുടെ ദുരാഗ്രഹം നടപ്പിലാക്കിയെങ്കിൽ ഇരുപതിനായിരം സ്ത്രീകൾ വ്യഭിചാരിണികളായി എന്ന്‌ അർഥം.ഇരുപതിനായിരം സ്ത്രീകളിൽ നൂറുപേരെ സമൂഹം ഭ്രഷ്ടരാക്കുന്നു.ബാക്കിയുള്ളവർ ഭർത്താക്കന്മാരോടൊപ്പം കഴിയുന്നു.അവർവ്യഭിചാരിണികളാണെന്നു ഭർത്താവിനറിയില്ല.അതിനാൽ പാതിവ്രത്യത്തിനു വേണ്ടി വാദിക്കുന്ന പുരുഷന്മാരിലധികവും അഭിസാരികമാരോടൊപ്പമാണ്‌ കഴിയുന്നത്‌.

ഈ കണക്കിൽ കുറ്റവാളിയാക്കപ്പെടുന്നത്‌ തീർച്ചയായും പുരുഷനാണ്‌.മറ്റൊരർഥത്തിൽ പറഞ്ഞാൽ മിക്ക സ്ത്രീകളും കുടുംബജീവിതം നയിക്കുന്നത്‌ വ്യഭിചാരികളായ പുരുഷന്മാരോടൊപ്പമാണ്‌.പ്രധാന കുറ്റവാളി പുരുഷനാണെന്നിരിക്കെ സ്ത്രീയെ മർദ്ദിക്കുകയും തെരുവിലേക്കിറക്കി വിടുകയും ചെയ്യുന്നത്‌ എന്തിനാണെന്നു സുബ്രമണ്യ ഭാരതി അക്കാലത്ത്‌ ചോദിച്ചു.

സ്ത്രീ വിമോചനത്തിനു വേണ്ടിയുള്ള സുബ്രഹ്മണ്യ ഭാരതിയുടെ തീവ്രാഭിപ്രായങ്ങൾ പ്രകടിപ്പിക്കനായി ആരംഭിച്ച പ്രസിദ്ധീകരണത്തിന്റെ പേരുപോലും ചക്രവർത്തിനി എന്നായിരുന്നു.സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യമില്ലായ്മയെ ഭാരതിയാർ രൂക്ഷമായി എതിർക്കുകയും സമൂഹത്തിന്റെ കപടനീതിയെ കണക്കറ്റ്‌ കളിയാക്കുകയും ചെയ്തു.

തമിഴിലെ പ്രാചീന മഹാകവികളിൽ ഔവ്വയാറിനെ സുബ്രമണ്യ ഭാരതി വാനോളം പുകഴ്തിയിട്ടുണ്ട്‌.പുരുഷൻ മാരിൽത്തന്നെ ഉയർന്ന വിദ്യാഭ്യാസമുള്ളവർ മാത്രമേ തിരുവള്ളുവരെ വായിക്കുന്നുള്ളു എന്നും രണ്ട്‌ സഹസ്രാബ്ദ്ദങ്ങളായി സാധാരണ ജനങ്ങൾ ഔവ്വയാരുടെ നീതിവാക്യങ്ങളാണു പ്രമാണമാക്കാറുള്ളതെന്നും സിദ്ധാന്തിച്ചുകൊണ്ട്‌ തമിഴ്‌ കവിതയിലെ സ്ത്രീ സാന്നിദ്ധ്യത്തെ ഭാരതിയാർ ഉദാത്തവൽക്കരിച്ച്ട്ടുമുണ്ട്‌.

സ്ത്രീ സ്വാതന്ത്ര്യം അനുവദിക്കുന്നതിനുമുൻപ്‌ പ്രാരംഭമായി ചെയ്യേണ്ട പത്ത്‌ കാര്യങ്ങൾ സുബ്രഹ്മണ്യ ഭാരതി നിർദ്ദേശിച്ചിരുന്നു.അവ ഓരോന്നും ഒരു മഹാ വിപ്ലവത്തിന്റെ കാഹളങ്ങളാണ്‌.

ഒന്നാമത്തെ നിർദ്ദേശം പെൺകുട്ടികളെ ഋതുമതിയാകുന്നതിനു മുൻപ്‌ വിവാഹം ചെയ്ത്‌ കൊടുക്കരുതെന്നാണ്‌.സുബ്രഹ്മണ്യഭാരതിക്കും മഹാത്മാഗാന്ധിക്കു പോലുംസഹധർമ്മിണികളായി ലഭിച്ചത്‌ അണ്ഡോൽപ്പാദ നം തുടങ്ങിയിട്ടില്ലാത്ത പാവം പെൺകുഞ്ഞുങ്ങളെയായിരുന്നു. ഹിന്ദു മതത്തിലെ മഹാമാലിന്യങ്ങളിലൊന്നായിരുന്നുശൈശവ വിവാഹം. ഋതുമതിയായെങ്കിൽപ്പോലും ഒരു പെൺകുട്ടി കുടുംബജീവിതത്തിനു പ്രാപ്തയാകുന്നില്ല എന്ന വാസ്തവമാണു പുരുഷകേന്ദ്രീക്രുത മതങ്ങൾ വകവയ്ക്കാതിരുന്നത്‌.ഓരോ ബാലവിവാഹവും ഓരോ ബലാൽസംഗമാണ്‌.

രണ്ടാമത്തെ നിർദ്ദേശം ഇഷ്ടമില്ലത്ത പുരുഷനെ വിവാഹം ചെയ്യാൻ അവരെ നിർബ്ബന്ധിക്കരുത്‌ എന്നതാണ്‌.ഇന്നു കേരള സമൂഹത്തിൽ പോലും കാണപ്പെടുന്ന ഒരു തെറ്റിനെതിരെയാണ്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഭാരതിയാർ വിരൽ ചൂണ്ടിയത്‌.

മൂന്നം നിർദ്ദേശം വിവാഹാനന്തരം ഭർത്താവിനെ വെടിയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും അതേച്ചൊല്ലി അവർ അപമാനിതയാകരുത്‌ എന്നുമാണ്‌.ഫസഹ്‌ ഉൾപ്പെടെ മതം പോലും അംഗീകരിക്കുന്ന വിവാഹ മോചനക്രമങ്ങളുണ്ടായിട്ടും മോചിതകളെ മോശക്കരായി കാണുന്ന ഒരു സമൂഹത്തിന്റെകണ്ണു തുറപ്പിക്കാൻ ഭാരതിയാർ ശ്രമിക്കുകയാണ്‌.പല മതങ്ങളിലും വിവാഹ മോചനം അനുവദനീയവുമല്ലല്ലോ.

നാലാം നിർദ്ദേശം പിതൃസ്വത്തിൽ പെൺകുട്ടികൾക്കും തുല്ല്യാവകാശം വേണമെന്നതാണ്‌.ഈ അവകാശം ചിലധീര വനിതകൾ നിയമപരമായ പോരാട്ടത്തിലൂടെയാണ്‌ നേടിയെടുത്തതെന്ന് ഓർക്കുമ്പോഴാണ്‌ ഭാരതിയാരുടെ ക്രാന്തദർശിത്വം ഇന്ത്യാഗവണ്മെന്റിനും മതങ്ങൾക്കും മനസ്സിലാകാതെ പോയല്ലോയെന്ന ദുഖം പടരുന്നത്‌.

അഞ്ചാം നിർദ്ദേശം ഭർത്താവു മരിച്ചശേഷം പുനർവിവാഹം അനുവദിക്കണമെന്നാണ്‌. ഹിന്ദു മതത്തിലെ ഏറ്റവും നീചമായ സതി ഉൾപ്പെടെയുള്ള മനുഷ്യവിരുദ്ധതകളെയാൺ` ഈ നിർദ്ദേശത്തിലൂടെ ഭാരതിയാർ ചോദ്യം ചെയ്തത്‌.

ആറാം നിർദ്ദേശം വിവാഹ ജീവിതം വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്ര്യമാണ്‌.ഇങ്ങനെ തീരുമാനിക്കുന്ന വനിതകൾക്ക്‌ കൈത്തൊഴിൽ വ്യാപാരം മുതലായവ നടത്തി ജീവിക്കാനുള്ള അനുമതി നൽകണമെന്നും ഭാരതിയാർ ആവശ്യപ്പെട്ടു.

ഏഴാം നിർദ്ദേശം അന്യപുരുഷന്മാരോട്‌ സംസാരിക്കുകയോ ഇടപഴകുകയോ ചെയ്യരുത്‌ എന്ന നിബന്ധനയെ എതിർക്കുന്നതാണ്‌.പുരുഷന്റെ ഭയം,അസൂയ എന്നിവകൊണ്ടാണ്‌ ഈ നിബന്ധന ഉണ്ടായതെന്നു കൂടി ഭരതിയാർ നിരീക്ഷിക്കുന്നുണ്ട്‌.

എട്ടാം നിർദ്ദേശം പുരുഷന്മാർക്കെന്നപോലെ സ്ത്രീകൾക്കും ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ ശാഖകളിലും പ്രവേശനം നൽകണമെന്നതാണ്‌.സ്ത്രീകളെ വിദ്യ അഭ്യസിക്കൻ അനുവദിക്കരുതെന്ന മത നിയമത്തെയാണ്‌ സുബ്രമണ്യഭാരതി ചോദ്യം ചെയ്തത്‌.

ഒൻപതാം നിർദ്ദേശം അർഹതയുള്ള ഏതു സർക്കാർ ജോലിയിൽ പ്രവേശിക്കാനും സ്ത്രീകൾക്ക്‌ അനുമതി നൽകണമെന്നാണ്‌. നിയമ നിർമ്മാണസഭകളിൽ പോലും വനിതകൾക്ക്‌ അർഹമായ പ്രതിനിദ്ധ്യം ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന ദുരവസ്ഥ നിലനിൽക്കുന്നു എന്ന തിരിച്ചറിവിൽ നിന്നുകൊണ്ടാണ്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഭാരതിയാർ മുന്നോട്ടുവച്ച ഈ ആശയത്തെ വായിച്ചെടുക്കേണ്ടത്‌.

പത്താം നിർദ്ദേശം ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം തമിഴ്‌ നാടിന്റെ ഭരണകാര്യങ്ങളിൽ വനിതകൾക്ക്‌ തുല്ല്യാവകാശം നൽകണമെന്നാണ്‌. സ്വാതന്ത്ര്യാനന്തരം രണ്ടു വനിതകൾ തമിഴ്‌ നാടിന്റെ മുഖ്യമന്ത്രിമാരായി.ഇന്നേവരെ ഒരു വനിതാമുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ലെന്നത്‌ ഞെട്ടലോടെയും കുറ്റബോധത്തോടെയും വിലയിരുത്തപ്പെടേണ്ടതാണ്‌.

സ്ത്രീ ഉയർന്നില്ലെങ്കിൽ പുരുഷനും ഉയർച്ച ഉണ്ടാവുകയില്ലെന്നു മഹാകവി സുബ്രഹ്മണ്യ ഭാരതി ഉറപ്പിച്ചു പറഞ്ഞു.ഇന്ത്യയിലെ സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ ആദ്യ കിരണങ്ങളായി സുബ്രഹ്മണ്യഭാരതിയുടെ ഈ നിരീക്ഷണങ്ങൾ കണക്കാക്കപ്പെടുന്നു.എന്നൽ സ്ത്രീ വിമോചനം ഇന്നു വരെ സാക്ഷാത്‌കരിക്കപ്പെട്ടില്ല എന്ന ക്രൂരസത്യം,സ്വതന്ത്ര ഭാരതത്തിനു അറുപത്‌ വയസ്സു കഴിഞ്ഞിട്ടും നിലനിൽക്കുകയാണ്‌.

7 comments:

Pramod.KM said...

ലേഖനത്തിന് നന്ദി. സുബ്രഹ്മണ്യഭാരതിയുടെ ഈ ആശയങ്ങളെപ്പറ്റി അറിയില്ലായിരുന്നു.

പാമരന്‍ said...

ഇങ്ങനെ കേട്ടിട്ടുണ്ടായിരുന്നില്ല, നന്ദി.

Kunjipenne - കുഞ്ഞിപെണ്ണ് said...

ലാഖനം വായിച്ചില്ല ഉടന്‍ വായിക്കും
ഇങ്ങനെ ഒരു ബ്ലോഗുള്ള കാര്യം അറിയില്ലായിരുന്നു...
word verification അണ്‍ ചെക്ക്‌ ചെയ്യാന്‍ അപേക്ഷിക്കുന്നു.............

സമാന്തരന്‍ said...

സമൂഹത്തില്‍ വളരെ പ്രസക്തിയോടെ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരാളാണ് ഭാരതി. അദ്ധേഹത്തിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും കൊണ്ട് ഒരു ദേശീയ പുരുഷനായി മാറിയെങ്കിലും വായിക്കുകയും വര്‍ത്തമാനം ചെയ്യപ്പെടുകയുമെന്നത് വളരെ കുറഞ്ഞു.
വിവരങ്ങള്‍ക്ക് നന്ദി..
പിന്നെ ബ്ലോഗിലൂടെ വന്നതിനും..

Unknown said...

ശ്രീചേട്ടന് ബ്ലോഗ് സന്ദര്‍ശിച്ചു തലക്കെട്ടും മലയാളത്തില്‍ കൊടുക്കാം .നന്മകള്‍

വി.എം.രാജമോഹന്‍ said...

visited the blog- v m rajamohan

Rajeeve Chelanat said...

സ്ത്രീ-പൌര സ്വാതന്ത്ര്യത്തെക്കുറിച്ച് ദീര്‍ഘദര്‍ശനം ചെയ്തിട്ടുള്ള ഭാരതിയാരെക്കുറിച്ച് കേട്ടിരുന്നുവെങ്കിലും ഈ പത്തു കല്‍പ്പനകളെക്കുറിച്ച് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.
നന്ദി ശ്രീ.
അഭിവാദ്യങ്ങളോടെ